Monday, September 3, 2007

നിലയ്ക്കാത്ത സിംഫണി


കൊച്ചി: പ്രശസ്ത പത്രപ്രവര്‍ത്തക ലീലാമേനോന്‍റെ ആത്മകഥ 'നിലയ്ക്കാത്ത സിംഫണി' പ്രകാശനം ചെയ്തു. ഇ.എം.എസ് സ്മാരക ടൌണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍ പ്രകാശനം നിര്‍വഹിച്ചു. സാറാ ജോസഫ് ആദ്യ പ്രതി ഏറ്റുവാങ്ങി. പത്രപ്രവര്‍ത്തനം സത്യം തേടിയുള്ള സാഹസികയാത്രയാണെന്ന് വരും തലമുറയിലെ പത്രപ്രവര്‍ത്തകരെ ഓര്‍മിപ്പിക്കാന്‍ ലീലാമേനോന്‍റെ അനുഭവകഥകള്‍ ഉപകരിക്കുമെന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു.
ഗ്രാമത്തിന്റെ തെളിമ നിറഞ്ഞതാണ് ലീലയുടെ ജീവിതനിരീക്ഷണം. വായനയുടെ സുഖമറിഞ്ഞ് ബാല്യത്തിലേക്ക് പോകാനും കേരളത്തെയും ഭാരതത്തെയും നടുക്കിയ സംഭവങ്ങളിലേക്ക് വീണ്ടും കടന്നു ചെല്ലാനുമുള്ള ജാലകമാണിത്. സ്ത്രീപീഡനങ്ങളെ കുറിച്ചുള്ള ലീലാമേനോന്‍റെ വാര്‍ത്തകള്‍ സത്യാന്വേഷണമായിരുന്നെന്നും എം.ടി അഭിപ്രായപ്പെട്ടു. മീനാക്ഷി തമ്പാന്‍ അധ്യക്ഷയായിരുന്നു. രവി കുറ്റിക്കാട് പുസ്തകം പരിചയപ്പെടുത്തി.
ഇന്ത്യന്‍ എക്സ്പ്രസ് മുന്‍ എഡിറ്റര്‍ എം.കെ. ദാസ്, മലയാള മനോരമ അസോസിയേറ്റ് എഡിറ്റര്‍ തോമസ് ജേക്കബ്, അഡ്വ. ജി. ജനാര്‍ദനക്കുറുപ്പ്, ആര്‍. പാര്‍വതിദേവി, കുക്കുപരമേശ്വരന്‍, കെ.ജെ. ജോണി എന്നിവര്‍ സംസാരിച്ചു. ലീലാ മേനോന്‍ മറുപടി പറഞ്ഞു. തൃശൂര്‍ കറന്‍റ് ബുക്സാണ് പുസ്തകത്തിന്‍റെ പ്രസാധകര്‍.

Monday, July 9, 2007

വിക്ടര്‍ ജോര്‍ജ് അനുസ്മരണവും ചിത്രകലാ ക്യാംപും

മലവെള്ളപ്പാച്ചിലില്‍ ജീവന്‍ വെടിഞ്ഞ പ്രസ് ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്‍റെ അനുസ്മരണദിനത്തില്‍ എറണാകുളം പ്രസ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ചിത്രകലാ ക്യാംപും അനുസ്മരണസമ്മേളനവും നടത്തി. പ്രശസ്ത ചിത്രകാരന്‍ കലാധരന്‍ ക്യാംപിന് നേതൃത്വം നല്‍കി. ആര്‍ട്ടിസ്റ്റ് എംവി ദേവന്‍ ഉദ്ഘാടനം ചെയ്തു. കലാധരന്‍, ഇന്ദു ഫ്രാന്‍സിസ്, അശാന്തന്‍, പി.വി. നന്ദന്‍, സുനില്‍ വല്ലാര്‍പാടം, സതീഷ് വെള്ളിനേഴി എന്നിവരാണ് ക്യാംപില്‍ പങ്കെടുത്തത്.
പ്രസ് ക്ലബ്ബ് മീഡിയ ഹാളില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. എസ്. സതീഷ് ചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. വിക്ടര്‍ ജോര്‍ജിന്‍റെ സഹപ്രവര്‍ത്തകനായ ഫിറോസ് ബാബു അനുസ്മരണ പ്രസംഗം നടത്തി. പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് ആന്‍റണി ജോണ്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി പി.എന്‍. വേണുഗോപാല്‍, ട്രഷറര്‍ കെ.എസ്. സുധി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ മറ്റ് പ്രസ് ക്ലബ്ബുകളിലും അനുസ്മരണ സമ്മേളനങ്ങള്‍ നടന്നു.

Saturday, July 7, 2007

ജ്യോതിര്‍ഘോഷ് റിലയന്‍സില്‍


പ്രമുഖ പത്രപ്രവര്‍ത്തകനും മാതൃഭൂമി കൊച്ചി യൂണിറ്റിലെ ന്യൂസ് എഡിറ്ററുമായ കെ.ജി ജ്യോതിര്‍ഘോഷിനെ റിലയന്‍സ് റീട്ടെയ്ല്‍ കേരളത്തിലെ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡപ്യൂട്ടി ജനറല്‍ മാനേജരായി നിയമിച്ചു. മാതൃഭൂമിയിലെ ജോലി രാജിവച്ച് ജ്യോതിര്‍ഘോഷ് റിലയന്‍സില്‍ ചേര്‍ന്നു. റിലയന്‍സ് റീട്ടെയിലിന്‍റെ മെന്‍റര്‍ ആയ ഡോ ജി സി ഗോപാലപിള്ളയുടെ താല്‍പര്യപ്രകാരമാണ് ജ്യോതിര്‍ഘോഷ് പുതിയ പദവി ഏറ്റെടുത്തത്.
കേരളത്തിലെ ചില്ലറ വ്യാപാര രംഗത്ത് ചുവടുറപ്പിക്കുന്ന റിലയന്‍സ് കൊച്ചിയില്‍ ഇരുപത് സൂപ്പര്‍മാര്‍ക്കറ്റുകളാണ് ഉടനെ തുറക്കുന്നത്. ജില്ലയിലൊട്ടാകെ 45 ഔട്ട് ലെറ്റുകളാണ് കന്പനി ഉദ്ദേശിക്കുന്നത്

Wednesday, July 4, 2007

വിക്ടര്‍ ജോര്‍ജ് അനുസ്മരണം ജൂലൈ 9ന്

5 വര്‍ഷം മുന്‍പ് ഇതു പോലൊരു മഴക്കാലത്താണ് വെള്ളിയാനിമലയിറങ്ങിയ ഉരുളിനെ ക്യാമറയില്‍ പകര്‍ത്താനുള്ള ശ്രമത്തിനിടയില്‍ വിക്ടര്‍ ജോര്‍ജ് വിടപറഞ്ഞത്. ആ ദിവസം - ജൂലൈ 9 കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അവകാശസംരക്ഷണ ദിനമായി ആചരിക്കുന്നു.........

എറണാകുളം പ്രസ് ക്ലബ്ബില്‍ ജൂലൈ 9 രാവിലെ 11ന് അനുസ്മരണ സമ്മേളനം നടക്കും.... മഴച്ചിത്രങ്ങളുടെ പ്രദര്‍ശനം..പ്രസ് ക്ലബ്ബിന് താഴെ നിലയിലുള്ള ഹാളിലും.

പ്രശസ്ത ചിത്രകാരന്‍ കലാധരന്‍റെ നേതൃത്വത്തില്‍ പ്രമുഖ ചിത്രകാരന്‍മാര്‍ ‍പങ്കെടുക്കുന്ന ചിത്രരചനാ ക്യാംപ് രാവിലെ ഒന്‍പതിന് തുടങ്ങും. തുടര്‍ന്ന് 11 മണിക്ക് പ്രസ് ക്ലബ്ബ് ഹാളില്‍ ചിത്രരചനാ ക്യാംപിന്‍റെ ഔദ്യോഗികമായ ഉദ്ഘാടനം എം.വി ദേവന്‍ നിര്‍വഹിക്കും
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ എസ് സതീഷ്ചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. വിക്ടറിന്‍റെ സഹപ്രവര്‍ത്തകനായിരുന്ന ഫിറോസ് ബാബു അനുസ്മരണപ്രസംഗം നടത്തും.
ചിത്രകാരന്‍മാര്‍ ഒരുക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളില്‍ പ്രസ് ക്ലബ്ബില്‍ നടക്കും

സംസ്ഥാനത്തെ എല്ലാ പ്രസ് ക്ലബ്ബുകളിലും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ഘടകങ്ങളുടെ ആഭിമുഖ്യത്തില്‍ അനുസ്മരണപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിലുള്ള അനുസ്മരണപരിപാടി വിക്ടര്‍ജോര്‍ജ് സ്മാരക ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് നടക്കും

Sunday, July 1, 2007

സംസ്ഥാന ഭാരവാഹികള്‍






കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റായി പി.പി. ശശീന്ദ്രന്‍ (മാതൃഭൂമി) ജനറല്‍ സെക്രട്ടറിയായി എന്‍. പത്മനാഭന്‍ (മാധ്യമം) എന്നിവരെ തെരഞ്ഞെടുത്തു. മുപ്പതംഗ സംസ്ഥാന കമ്മിറ്റിയിലേക്ക് എറണാകുളത്തു നിന്നും ആര്‍. ഗോപകുമാര്‍ (വര്‍ത്തമാനം), നിജാസ് ജ്യുവല്‍ (മലയാളം ന്യൂസ്), ഡി. ദിലീപ് (ദേശാഭിമാനി), കെ. പത്മജന്‍ (മാതൃഭൂമി), ജാക്സണ്‍ ആറാട്ടുകുളം (മലയാള മനോരമ), പി.എ.എ. ഗഫൂര്‍ (മാധ്യമം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ഭാരവാഹികള്‍ സ്ഥാനമേറ്റു

എറണാകുളം പ്രസ് ക്ലബ്ബിന്‍റെ പുതിയ ഭാരവാഹികള്‍ ജൂണ്‍ 28ന് മീഡിയ ഹാളില്‍ നടന്ന ചടങ്ങില്‍ ചുമതലയേറ്റു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ഘടകത്തിന്‍റെ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു സ്ഥാനമേല്‍ക്കല്‍. മുന്‍ സെക്രട്ടറി വി.ആര്‍. രാജമോഹനില്‍ നിന്നും പുതിയ സെക്രട്ടറി പി.എന്‍. വേണുഗോപാല്‍ മിനിറ്റ്സ് ബുക്കും മറ്റ് രേഖകളും ഏറ്റുവാങ്ങി.

Monday, June 18, 2007

പ്രസ് ക്ലബ്ബ് പുരസ്കാരങ്ങള്‍

2006ലെ പി.എസ്. ജോണ്‍ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ കെ.ആര്‍. ഗൗരിയമ്മയെ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ വേദിയിലേക്ക് ആനയിക്കുന്നു.

2006 - 2007 കാലയളവില്‍ എറണാകുളം പ്രസ് ക്ലബ്ബിന്‍റെ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവര്‍



  • പി.എസ്. ജോണ്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡ് (2005) - അടൂര്‍ ഗോപാലകൃഷ്ണന്‍


  • പി.എസ്. ജോണ്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡ് (2006) - കെ.ആര്‍. ഗൗരിയമ്മ


  • സി.പി. മമ്മു എന്‍ഡോവ്മെന്‍റ് പുരസ്കാരം (2006) - പി.കെ. പ്രകാശ്


  • ആര്‍ട്ടിസ്റ്റ് വി.എം. ബാലന്‍ അവാര്‍ഡ് (2006) - വി.എസ്. ഷൈന്‍


  • സി.വി. പാപ്പച്ചന്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡ് (2006-07) - ബി. ശ്രീജന്‍