Wednesday, October 31, 2007

ലീല മേനോന്‍ ജേര്‍ണലിസം പ്രൈസ് സന്ധ്യക്കും റീമക്കും






റീമ നരേന്ദ്രന്‍ പി.പി സന്ധ്യ
കൊച്ചി: കേരളത്തിലെ മാധ്യമപ്രവര്‍ത്തനരംഗത്ത് പ്രാഗല്‍ഭ്യം തെളിയിക്കുന്ന വനിതകള്‍ക്കുള്ള എറണാകുളം പ്രസ് ക്ളബിന്‍റെ പ്രഥമ ലീലാമേനോന്‍ ജേര്‍ണലിസം പ്രൈസിന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ തിരുവനന്തപുരം സീനിയര്‍ റിപ്പോര്‍ട്ടര്‍ റീമാ നരേന്ദ്രനും ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചിയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.പി. സന്ധ്യയും അര്‍ഹയായി. ജനറല്‍ റിപ്പോര്‍ട്ടിംഗിനാണ് പുരസ്കാരം. 2006 സെപ്റ്റംബര്‍ ഒന്നിനും 2007 ആഗസ്ത് 31നും ഇടയില്‍ പ്രസിദ്ധീകരിച്ച/സംപ്രേഷണം ചെയ്ത ജനറല്‍ വാര്‍ത്തകളില്‍ നിന്നുള്ള എന്‍ട്രികളാണു പരിഗണിച്ചത്.
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് മുന്‍ റസിഡന്‍റ് എഡിറ്റര്‍ എം.കെ. ദാസ്, കാലടി ശ്രീശങ്കര സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, സീനിയര്‍ പത്രപ്രവര്‍ത്തകയും പത്രപ്രവര്‍ത്തന പരിശീലനരംഗത്ത് അധ്യാപികയുമായ റബേക്കാ തോമസ് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്. നവംബര്‍ 10ന് എറണാകുളം പ്രസ് ക്ളബില്‍ പുരസ്കാരം സമ്മാനിക്കും. സമ്മാനത്തുകയായ 5000 രൂപ ഇത്തവണ ജൂറിയുടെ നിര്‍ദേശപ്രകാരം പങ്കിട്ടു നല്‍കുകയാണ്.
ഫലകവും പ്രശസ്തിപത്രവും ഉണ്ടാകും.തിരുവനന്തപുരം നഗരത്തിലെ ജലസ്രോതസുകളുടെ മലിനീകരണം സംബന്ധിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ 2006 ഡിസംബര്‍ 21ന് പ്രസിദ്ധീകരിച്ച വാര്‍ത്തയാണു റീമയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. 'വെളിച്ചപ്പാടുകളുടെ ജീവിതം' സംബന്ധിച്ച ഏഷ്യാനെറ്റ് വാര്‍ത്തയ്ക്കാണു സന്ധ്യയ്ക്ക് പുരസ്കാരം.

Monday, September 3, 2007

എം.ആര്‍. അജയന്‍റെ "സുഭദ്രം"


പത്രപ്രവര്‍ത്തകന്‍ എം.ആര്‍. അജയന്‍ (അജയന്‍ ഓച്ചന്തുരുത്ത്) തിരക്കഥയും സംഭാഷണവുമെഴുതിയ സിനിമ "സുഭദ്രം" ചിത്രീകരണം പൂര്‍ത്തിയായി. ശ്രീലാല്‍ ദേവരാജനാണ് സംവിധായകന്‍. ജയകൃഷ്ണന്‍, മൈഥിലി, റിയാസ് ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

നിലയ്ക്കാത്ത സിംഫണി


കൊച്ചി: പ്രശസ്ത പത്രപ്രവര്‍ത്തക ലീലാമേനോന്‍റെ ആത്മകഥ 'നിലയ്ക്കാത്ത സിംഫണി' പ്രകാശനം ചെയ്തു. ഇ.എം.എസ് സ്മാരക ടൌണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍ പ്രകാശനം നിര്‍വഹിച്ചു. സാറാ ജോസഫ് ആദ്യ പ്രതി ഏറ്റുവാങ്ങി. പത്രപ്രവര്‍ത്തനം സത്യം തേടിയുള്ള സാഹസികയാത്രയാണെന്ന് വരും തലമുറയിലെ പത്രപ്രവര്‍ത്തകരെ ഓര്‍മിപ്പിക്കാന്‍ ലീലാമേനോന്‍റെ അനുഭവകഥകള്‍ ഉപകരിക്കുമെന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു.
ഗ്രാമത്തിന്റെ തെളിമ നിറഞ്ഞതാണ് ലീലയുടെ ജീവിതനിരീക്ഷണം. വായനയുടെ സുഖമറിഞ്ഞ് ബാല്യത്തിലേക്ക് പോകാനും കേരളത്തെയും ഭാരതത്തെയും നടുക്കിയ സംഭവങ്ങളിലേക്ക് വീണ്ടും കടന്നു ചെല്ലാനുമുള്ള ജാലകമാണിത്. സ്ത്രീപീഡനങ്ങളെ കുറിച്ചുള്ള ലീലാമേനോന്‍റെ വാര്‍ത്തകള്‍ സത്യാന്വേഷണമായിരുന്നെന്നും എം.ടി അഭിപ്രായപ്പെട്ടു. മീനാക്ഷി തമ്പാന്‍ അധ്യക്ഷയായിരുന്നു. രവി കുറ്റിക്കാട് പുസ്തകം പരിചയപ്പെടുത്തി.
ഇന്ത്യന്‍ എക്സ്പ്രസ് മുന്‍ എഡിറ്റര്‍ എം.കെ. ദാസ്, മലയാള മനോരമ അസോസിയേറ്റ് എഡിറ്റര്‍ തോമസ് ജേക്കബ്, അഡ്വ. ജി. ജനാര്‍ദനക്കുറുപ്പ്, ആര്‍. പാര്‍വതിദേവി, കുക്കുപരമേശ്വരന്‍, കെ.ജെ. ജോണി എന്നിവര്‍ സംസാരിച്ചു. ലീലാ മേനോന്‍ മറുപടി പറഞ്ഞു. തൃശൂര്‍ കറന്‍റ് ബുക്സാണ് പുസ്തകത്തിന്‍റെ പ്രസാധകര്‍.

Monday, July 9, 2007

വിക്ടര്‍ ജോര്‍ജ് അനുസ്മരണവും ചിത്രകലാ ക്യാംപും

മലവെള്ളപ്പാച്ചിലില്‍ ജീവന്‍ വെടിഞ്ഞ പ്രസ് ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്‍റെ അനുസ്മരണദിനത്തില്‍ എറണാകുളം പ്രസ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ചിത്രകലാ ക്യാംപും അനുസ്മരണസമ്മേളനവും നടത്തി. പ്രശസ്ത ചിത്രകാരന്‍ കലാധരന്‍ ക്യാംപിന് നേതൃത്വം നല്‍കി. ആര്‍ട്ടിസ്റ്റ് എംവി ദേവന്‍ ഉദ്ഘാടനം ചെയ്തു. കലാധരന്‍, ഇന്ദു ഫ്രാന്‍സിസ്, അശാന്തന്‍, പി.വി. നന്ദന്‍, സുനില്‍ വല്ലാര്‍പാടം, സതീഷ് വെള്ളിനേഴി എന്നിവരാണ് ക്യാംപില്‍ പങ്കെടുത്തത്.
പ്രസ് ക്ലബ്ബ് മീഡിയ ഹാളില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. എസ്. സതീഷ് ചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. വിക്ടര്‍ ജോര്‍ജിന്‍റെ സഹപ്രവര്‍ത്തകനായ ഫിറോസ് ബാബു അനുസ്മരണ പ്രസംഗം നടത്തി. പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് ആന്‍റണി ജോണ്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി പി.എന്‍. വേണുഗോപാല്‍, ട്രഷറര്‍ കെ.എസ്. സുധി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ മറ്റ് പ്രസ് ക്ലബ്ബുകളിലും അനുസ്മരണ സമ്മേളനങ്ങള്‍ നടന്നു.

Saturday, July 7, 2007

ജ്യോതിര്‍ഘോഷ് റിലയന്‍സില്‍


പ്രമുഖ പത്രപ്രവര്‍ത്തകനും മാതൃഭൂമി കൊച്ചി യൂണിറ്റിലെ ന്യൂസ് എഡിറ്ററുമായ കെ.ജി ജ്യോതിര്‍ഘോഷിനെ റിലയന്‍സ് റീട്ടെയ്ല്‍ കേരളത്തിലെ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡപ്യൂട്ടി ജനറല്‍ മാനേജരായി നിയമിച്ചു. മാതൃഭൂമിയിലെ ജോലി രാജിവച്ച് ജ്യോതിര്‍ഘോഷ് റിലയന്‍സില്‍ ചേര്‍ന്നു. റിലയന്‍സ് റീട്ടെയിലിന്‍റെ മെന്‍റര്‍ ആയ ഡോ ജി സി ഗോപാലപിള്ളയുടെ താല്‍പര്യപ്രകാരമാണ് ജ്യോതിര്‍ഘോഷ് പുതിയ പദവി ഏറ്റെടുത്തത്.
കേരളത്തിലെ ചില്ലറ വ്യാപാര രംഗത്ത് ചുവടുറപ്പിക്കുന്ന റിലയന്‍സ് കൊച്ചിയില്‍ ഇരുപത് സൂപ്പര്‍മാര്‍ക്കറ്റുകളാണ് ഉടനെ തുറക്കുന്നത്. ജില്ലയിലൊട്ടാകെ 45 ഔട്ട് ലെറ്റുകളാണ് കന്പനി ഉദ്ദേശിക്കുന്നത്

Wednesday, July 4, 2007

വിക്ടര്‍ ജോര്‍ജ് അനുസ്മരണം ജൂലൈ 9ന്

5 വര്‍ഷം മുന്‍പ് ഇതു പോലൊരു മഴക്കാലത്താണ് വെള്ളിയാനിമലയിറങ്ങിയ ഉരുളിനെ ക്യാമറയില്‍ പകര്‍ത്താനുള്ള ശ്രമത്തിനിടയില്‍ വിക്ടര്‍ ജോര്‍ജ് വിടപറഞ്ഞത്. ആ ദിവസം - ജൂലൈ 9 കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അവകാശസംരക്ഷണ ദിനമായി ആചരിക്കുന്നു.........

എറണാകുളം പ്രസ് ക്ലബ്ബില്‍ ജൂലൈ 9 രാവിലെ 11ന് അനുസ്മരണ സമ്മേളനം നടക്കും.... മഴച്ചിത്രങ്ങളുടെ പ്രദര്‍ശനം..പ്രസ് ക്ലബ്ബിന് താഴെ നിലയിലുള്ള ഹാളിലും.

പ്രശസ്ത ചിത്രകാരന്‍ കലാധരന്‍റെ നേതൃത്വത്തില്‍ പ്രമുഖ ചിത്രകാരന്‍മാര്‍ ‍പങ്കെടുക്കുന്ന ചിത്രരചനാ ക്യാംപ് രാവിലെ ഒന്‍പതിന് തുടങ്ങും. തുടര്‍ന്ന് 11 മണിക്ക് പ്രസ് ക്ലബ്ബ് ഹാളില്‍ ചിത്രരചനാ ക്യാംപിന്‍റെ ഔദ്യോഗികമായ ഉദ്ഘാടനം എം.വി ദേവന്‍ നിര്‍വഹിക്കും
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ എസ് സതീഷ്ചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. വിക്ടറിന്‍റെ സഹപ്രവര്‍ത്തകനായിരുന്ന ഫിറോസ് ബാബു അനുസ്മരണപ്രസംഗം നടത്തും.
ചിത്രകാരന്‍മാര്‍ ഒരുക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളില്‍ പ്രസ് ക്ലബ്ബില്‍ നടക്കും

സംസ്ഥാനത്തെ എല്ലാ പ്രസ് ക്ലബ്ബുകളിലും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ഘടകങ്ങളുടെ ആഭിമുഖ്യത്തില്‍ അനുസ്മരണപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിലുള്ള അനുസ്മരണപരിപാടി വിക്ടര്‍ജോര്‍ജ് സ്മാരക ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് നടക്കും

Sunday, July 1, 2007

സംസ്ഥാന ഭാരവാഹികള്‍






കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റായി പി.പി. ശശീന്ദ്രന്‍ (മാതൃഭൂമി) ജനറല്‍ സെക്രട്ടറിയായി എന്‍. പത്മനാഭന്‍ (മാധ്യമം) എന്നിവരെ തെരഞ്ഞെടുത്തു. മുപ്പതംഗ സംസ്ഥാന കമ്മിറ്റിയിലേക്ക് എറണാകുളത്തു നിന്നും ആര്‍. ഗോപകുമാര്‍ (വര്‍ത്തമാനം), നിജാസ് ജ്യുവല്‍ (മലയാളം ന്യൂസ്), ഡി. ദിലീപ് (ദേശാഭിമാനി), കെ. പത്മജന്‍ (മാതൃഭൂമി), ജാക്സണ്‍ ആറാട്ടുകുളം (മലയാള മനോരമ), പി.എ.എ. ഗഫൂര്‍ (മാധ്യമം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.